ഉപജീവനവും അതിലുപരി ഞരമ്പുകളില്‍ തിളയ്‌ക്കുന്ന രാജ്യസ്‌നഹവും കൈമുതലായുള്ള നമ്മുടെ ഓരോരുത്തരുടെയും കാവലാളന്‍മാരായ രാജ്യത്തിന്റെ ഒട്ടാകെ സമ്പത്തിന്റെയും സംരക്ഷകരായ വീരന്‍മാരായ നമ്മുടെ പട്ടാള സമൂഹം മുഴുവന്‍ എതിരാളികളുടെ പ്രതികരണം കണ്‍മുന്നില്‍ കണ്ടുകൊണ്ടാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. മാതൃ രാജ്യത്തോടുള്ള അതിരറ്റ സംരക്ഷണ ചുമതലാ ബോധവും കുടുംബത്തോടുള്ള സ്‌നേഹവാത്സല്ലൃവും അവരോരോരുത്തരുടെയും കര്‍മ്മ പഥങ്ങളില്‍ പുത്തനുണര്‍വ്വേകുന്നു. കിരാതന്‍മാരായ എതിരാളികളോടുള്ള ഏറ്റുമുട്ടലിലും അവരുടെ ചതിപ്രയോഗങ്ങളിലും പെട്ട് ജീവഹാനി സംഭവിക്കുന്ന സഹോദരന്‍മാരും സഹോദരിമാരും എന്നും നമ്മുടെ കണ്ണു നനയിക്കുന്നു. ഈ ധീരരോടുള്ള നമ്മുടെ പ്രതിബദ്ധത നമ്മള്‍ എങ്ങിനെയാണ് നിര്‍വ്വഹിക്കുക. കാപാലികരായി എത്തുന്ന സമൂഹത്തിനും കുടുംബത്തിനും തീരാശാപങ്ങളായി ജനിക്കുന്ന നരാധമന്‍മാര്‍ക്ക് ഇതെല്ലാം ആനന്ദാശ്രുക്കള്‍ പൊഴിക്കാവുന്ന അനുഭവങ്ങളാണ്. ഇത്തരക്കാരുടെ ബുദ്ധിയും ശക്തിയും സ്വന്തം ജന്മനാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സമര്‍പ്പിച്ചിരുന്നെങ്കില്‍ എത്രയോ ധന്യമായേനെ ജന്മം. കാശ്‌മീരില്‍ ഭീകരരുടെ ചതിയില്‍പ്പെട്ട് ഏറ്റവും അവസാനമായി മരണമടഞ്ഞ നമ്മുടെ സഹോദരങ്ങളില്‍ മലയാളിയായ നായിക് രതീഷിന്റെ 8 മാസം പ്രായമായ കുഞ്ഞിനോടും അവന്റെ അമ്മയോടും മാതാപിതാക്കളോടും നമ്മള്‍ എന്തു പറഞ്ഞ് സമാധാനിപ്പിക്കും. എല്ലാം വിധിയെന്നു കരുതി നമുക്കു സമാധാനിക്കാം ഒപ്പം തുടര്‍ന്ന് ഇത്തരം ആപത്തുകള്‍ നമുക്കുണ്ടാകാതിരിക്കട്ടേയെന്നു ദേവീനാമത്തില്‍ പ്രാര്‍ത്ഥിക്കാം.
നായിക് രതീഷിന്റെ വിയോഗത്തില്‍ ഒരായിരം അശ്രുപുഷ്‌പങ്ങള്‍ അര്‍പ്പിക്കാം....