WELCOME TO KICKO DIGITAL
High-Quality Printing & Student Project Solutions Under One Roof
Where Quality Printing Meets Smart Student Projects
1988 സെപ്റ്റംബർ 18-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര–ഉമ്പർനാട് കനാൽ ജംഗ്ഷനിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ഒരു ചെറു യൂണിറ്റായി കിക്കോ പ്രവർത്തനം ആരംഭിച്ചു. ഈ യൂണിറ്റിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു പാവക്കമ്പനിയെക്കുറിച്ചുള്ള പത്രസപ്ലിമെന്റിൽ നിന്നാണ് സ്ഥാപനത്തിന് അനുയോജ്യമായ പേര് ലഭിച്ചത്. ചൈനയിൽ രൂപം കൊണ്ട “കിൻകോ” എന്ന പാവക്കമ്പനി വളരെ വേഗത്തിൽ ജനമനസ്സുകളിൽ ഇടം നേടിയതായ വാർത്തയാണ് ഈ നാമകരണത്തിന് പ്രചോദനമായത്. മലയാളത്തിൽ വ്യക്തമായ ഉച്ചാരണമില്ലാത്തതിനാൽ “കിൻകോ” എന്ന പേര് “കിക്കോ കരകൗശല കലാക്ഷേത്രം” എന്ന രൂപത്തിൽ സ്വീകരിക്കുകയായിരുന്നു.
മാവേലിക്കരയിലെ പ്രവർത്തനത്തിന് സമീപവാസികളും ബന്ധുജനങ്ങളും നൽകിയ പിന്തുണ നിർണായകമായി. തുടർന്ന് കൂടുതൽ സാധ്യതകൾ തേടി മധ്യപ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബാൽക്കോ അലൂമിനിയം കമ്പനിയുടെ ക്വാർട്ടേഴ്സ് ഷോപ്പിംഗ് കോംപ്ലക്സിലേക്ക് യൂണിറ്റ് മാറ്റി സ്ഥാപിച്ചു. അവിടെ മൂന്ന് വർഷക്കാലം സജീവമായി പ്രവർത്തിച്ച കിക്കോ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.
പിന്നീട് കേരളത്തിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ക്ലാപ്പന ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമായ തോട്ടത്തിൽമുക്കിൽ പ്രവർത്തനം ആരംഭിച്ചു. കരകൗശല നിർമ്മാണത്തോടൊപ്പം പൂക്കട, സ്റ്റുഡിയോ, വീഡിയോ റെക്കോർഡിംഗ് തുടങ്ങിയ പുതിയ മേഖലകളിലേക്കും കിക്കോ ചുവടുവെച്ചു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനാനുഭവവും ഉപഭോക്താക്കളുടെ സ്‌നേഹവും പ്രോത്സാഹനവും സാമൂഹികനീതിയോടും മാനദണ്ഡങ്ങളോടും ചേർന്ന ഏത് സേവനവും ഏറ്റെടുക്കുന്ന സ്ഥാപനമായി കിക്കോയെ വളർത്തി.
ബിലാസ്പൂരിൽ പ്രവർത്തിച്ച കാലത്ത് വടക്കേ ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ഗണേശോത്സവത്തിനായുള്ള സ്റ്റേജ് ഡെക്കറേഷനിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചത് കിക്കോയ്ക്ക് വലിയ ആത്മവിശ്വാസം നൽകി. ഇതാണ് കലാ-സാംസ്‌കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ പ്രചോദനമായത്.
ക്ലാപ്പന തോട്ടത്തിൽമുക്കിൽ പ്രവർത്തനം ആരംഭിച്ച സമയത്ത് സമീപത്തെ കടകൾ വൈകുന്നേരം 6 മണിക്ക് അടയ്ക്കുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, കിക്കോ രാത്രി 8 മണിവരെയും പിന്നീട് തുടർച്ചയായി മൂന്ന് വർഷം അവധി ദിവസങ്ങളില്ലാതെ രാവിലെ 6.30 മുതൽ രാത്രി 11 മണിവരെയും പ്രവർത്തിച്ചു. ഈ കാലയളവിൽ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കമ്പ്യൂട്ടർ-ഇന്റർനെറ്റ് സൗകര്യങ്ങൾ, “കിക്കോ അച്ചാർ” നിർമ്മാണം, പൊതുജന സേവനാർത്ഥം കിക്കോ വി ഹെൽപ്പ് ചാരിറ്റബിൾ സൊസൈറ്റി എന്നിവ ആരംഭിച്ചു.
2005-ൽ വള്ളിക്കാവ് അമ്മയുടെ അനുഗ്രഹഭൂമിയിൽ, ശാരദൻകുട്ടിയച്ചന്റെ സഹകരണത്തോടെ ഒരു പൂക്കടയായി കിക്കോയുടെ ശാഖ ആരംഭിച്ചു. 2007-ൽ വള്ളിക്കാവ് ജംഗ്ഷനിൽ സ്വന്തമായ കെട്ടിടത്തിൽ പൂക്കട, സ്റ്റുഡിയോ, വീഡിയോ റെക്കോർഡിംഗ്, ഓഫ്സെറ്റ് പ്രസ്സ്, കളർ ലാബ്, സ്റ്റിക്കർ കട്ടിംഗ് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ കിക്കോ ഡിജിറ്റൽ ഇൻഡസ്ട്രി ആരംഭിച്ചു. പ്രശസ്ത സിനിമാതാരം പരേതനായ ബാലകൃഷ്ണൻ സാർ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ന് കിക്കോ ഡിജിറ്റൽ ഇൻഡസ്ട്രി ഒരു ബഹുമുഖ സേവനകേന്ദ്രമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ & ഓഫ്സെറ്റ് പ്രിന്റിംഗ്, ലേസർ പ്രിന്റിംഗ്, റബ്ബർ സീൽ മേക്കിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, മലയാളം-ഇംഗ്ലീഷ്-ഹിന്ദി-തമിഴ് ഡി.ടി.പി. വർക്ക്, ഇന്റർനെറ്റ് കഫേ, ഫോട്ടോസ്റ്റാറ്റ്, സ്റ്റേഷനറി, ഡോക്യുമെന്റ് വർക്ക്, കപ്പ്-ടി ഷർട്ട്-ജേഴ്സി-പ്ലേറ്റ്-വാട്ടർ ബോട്ടിൽ-ക്രിസ്റ്റൽ-ടൈൽ-പേന എന്നിവയിലുളള പ്രിന്റിംഗ് ഉൾപ്പെടെ 400-ലധികം മീഡിയകളിൽ സേവനങ്ങൾ ലഭ്യമാണ്. സ്കൂൾ-കോളേജ് ഐഡി കാർഡ്, ഡയറി, ബൈൻഡിംഗ് സേവനങ്ങളും ഇവിടെ ലഭ്യമാണ്.
സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കൈത്താങ്ങായ എല്ലാ സഹപ്രവർത്തകർക്കും ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദിയോടെ, kickodigital.com എന്ന വെബ്‌സൈറ്റ് ഞങ്ങൾ സമർപ്പിക്കുന്നു. വള്ളിക്കാവും പരിസരപ്രദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ, രക്തദാതാക്കളുടെ നമ്പറുകൾ, ബസ് ടൈംടേബിൾ, ഓട്ടോ-ടാക്സി വിവരങ്ങൾ തുടങ്ങിയവ ഒരിടത്ത് ലഭ്യമാക്കുകയാണ് ഈ വെബ്‌സൈറ്റിന്റെ ലക്ഷ്യം.
